മലയാളികൾക്ക് കർക്കടകം എന്നാൽ പഞ്ഞമാസവും രോഗങ്ങളുടെ കാലവുമാണ്. കാലവർഷം കനക്കുന്ന ഈ സമയത്ത് ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും ദഹനപ്രക്രിയ മന്ദഗതിയിലാകുകയും ചെയ്യും. ഈ പ്രതിസന്ധിയെ മറികടക്കാൻ നമ്മുടെ പൂർവ്വികർ നൽകിയ ആരോഗ്യ ഔഷധമാണ് കർക്കടകക്കഞ്ഞി അഥവാ ഔഷധക്കഞ്ഞി. പാരമ്പര്യ ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്ന ഈ കഞ്ഞി വെറുമൊരു ഭക്ഷണമല്ല, മറിച്ച് ശരീരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു പ്രതിരോധ മരുന്നാണ്.
എന്താണ് കർക്കടകക്കഞ്ഞി?

നവരയരി അല്ലെങ്കിൽ ഉണക്കലരി ബേസ് ആയി എടുത്താണ് ഔഷധക്കഞ്ഞി തയ്യാറാക്കുന്നത്. ഇതിലേക്ക് ദശപുഷ്പങ്ങൾ (ചെറൂള, തിരുതാളി, മുക്കുറ്റി, പൂവാംകുറുന്നില തുടങ്ങിയവ), ആശാളി, ജീരകം, ഉലുവ, ചുക്ക്, കുരുമുളക്, ജാതിക്ക, കരിംജീരകം തുടങ്ങിയ നിരവധി ഔഷധക്കൂട്ടുകളും സുഗന്ധവ്യഞ്ജനങ്ങളും ചേർത്താണ് ഇത് വേവിച്ചെടുക്കുന്നത്. പീന്നിട് ഇതിലേക്ക് തേങ്ങാപ്പാലോ പശുമിൻപാലോ ചേർത്ത് കഴിക്കാം.
ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?
- രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു: കഞ്ഞിയിൽ അടങ്ങിയിരിക്കുന്ന ഔഷധച്ചെടികളുടെ നീരും സുഗന്ധവ്യഞ്ജനങ്ങളും ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും മഴക്കാല രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
- ദഹനം സുഗമമാക്കുന്നു: കർക്കടകത്തിൽ ദഹനശേഷി കുറവായിരിക്കും. ലളിതമായി ദഹിക്കുന്ന നവരയരിയും ജീരകവും ചുക്കും ചേർന്ന ഈ കഞ്ഞി ദഹനപ്രക്രിയയെ സുഗമമാക്കുന്നു.
- ശരീരത്തെ വിഷമുക്തമാക്കുന്നു (Detoxification): ശരീരത്തിലെ അനാവശ്യ ടോക്സിനുകളെ (വിഷാംശങ്ങളെ) പുറന്തള്ളാൻ ഈ ഔഷധക്കൂട്ട് സഹായിക്കും.
- വാത-കഫ രോഗങ്ങൾക്ക് പരിഹാരം: മഴക്കാലത്ത് പൊതുവെ കൂടാൻ സാധ്യതയുള്ള സന്ധി വേദന, മസിൽ വേദന, വാതം എന്നിവ കുറയ്ക്കാൻ ചുക്കും ഉലുവയും അടങ്ങിയ കർക്കടകക്കഞ്ഞി ഉത്തമമാണ്.

എപ്പോൾ, എങ്ങനെ കഴിക്കണം?
കർക്കടകക്കഞ്ഞി കഴിക്കുന്ന സമയത്ത് ചില പഥ്യങ്ങൾ നോക്കുന്നത് ഗുണം ഇരട്ടിയാക്കും. സാധാരണയായി ഇത് തുടർച്ചയായി 7, 14, അല്ലെങ്കിൽ 21 ദിവസമാണ് കഴിക്കേണ്ടത്. രാത്രി ഭക്ഷണത്തിന് പകരമായി ചൂടോടെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഈ ദിവസങ്ങളിൽ സസ്യാഹാരം മാത്രം കഴിക്കാനും മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കാനും ശ്രദ്ധിക്കണം.