ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ മുട്ടയ്ക്ക് എന്നും വലിയ സ്ഥാനമുണ്ട്. പ്രോട്ടീന്റെ കലവറയായ മുട്ട ദിവസവും കഴിക്കാമോ എന്ന കാര്യത്തിൽ പലരിലും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.
എന്നാൽ 14 ദിവസം തുടർച്ചയായി മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അത് ശരീരത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ.സൗരഭ് സേത്തി പറയുന്നത്.
- ചർമ്മത്തിന്റെയും നഖത്തിന്റെയും ആരോഗ്യം
മുട്ടയിൽ അടങ്ങിയിരിക്കുന്ന സൾഫർ അമിനോ ആസിഡുകൾ ശരീരത്തിലെ കെരാറ്റിൻ ഉത്പാദനത്തെ സഹായിക്കുന്നു.

ഇത് തിളക്കമുള്ള ചർമ്മത്തിനും, ബലമുള്ള നഖങ്ങൾക്കും, ആരോഗ്യകരമായ മുടിക്കും വളരെയധികം സഹായിക്കുന്നു.
- കാഴ്ചശക്തി മെച്ചപ്പെടുന്നു
കണ്ണുകളെ സംരക്ഷിക്കുന്ന ലുട്ടീൻ, സിയാക്സാന്തിൻ എന്നീ ആന്റിഓക്സിഡന്റുകൾ മുട്ടയുടെ മഞ്ഞക്കരുവിൽ ധാരാളമുണ്ട്.

ഇത് നീല വെളിച്ചം മൂലമുണ്ടാകുന്ന ആഘാതങ്ങളിൽ നിന്ന് കണ്ണിനെ സംരക്ഷിക്കുകയും കാഴ്ചശക്തി വർധിപ്പിക്കുകയും ചെയ്യുന്നു.
- ബുദ്ധിശക്തിയും ഏകാഗ്രതയും വർധിക്കുന്നു
മുട്ടയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം മസ്തിഷ്കത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

ഇത് തലച്ചോറിലെ അസറ്റൈൽകോളിൻ എന്ന ന്യൂറോ ട്രാൻസ്മിറ്ററിന്റെ ഉത്പാദനത്തെ സഹായിക്കുന്നു. ഇതിലൂടെ ഓർമ്മശക്തിയും കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള കഴിവും മെച്ചപ്പെടുന്നു.
- കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു
മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമെന്നത് പലരുടെയും തെറ്റായ ധാരണയാണ്. എന്നാൽ ഡോ.സേത്തിയുടെ അഭിപ്രായത്തിൽ,

മുട്ട കഴിക്കുന്നത് ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനാണ് സഹായിക്കുന്നത്. ഇത് ഹൃദയാരോഗ്യത്തിന് ഗുണകരമാണ്.
മുട്ടയുടെ മഞ്ഞ ഒഴിവാക്കണോ?
പലരും കൊളസ്ട്രോൾ പേടിച്ച് മുട്ടയുടെ വെള്ള മാത്രം കഴിക്കാറുണ്ട്. എന്നാൽ മുട്ടയിലെ ഭൂരിഭാഗം പോഷകങ്ങളും (വൈറ്റമിൻ എ, ഇ, ഒമേഗ-3 ഫാറ്റി ആസിഡുകൾ) അടങ്ങിയിരിക്കുന്നത് മഞ്ഞക്കരുവിലാണെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് മുട്ടയ്ക്ക് പകരമായി സോയ ഉൽപ്പന്നങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
മുട്ട എങ്ങനെ കഴിക്കണം?
മുട്ട പുഴുങ്ങിയോ, ഓംലെറ്റ് ക്കിയോ കഴിക്കാം. എന്നാൽ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നത് ആരോഗ്യത്തിന് കൂടുതൽ നല്ലതാണ്.
പച്ചമുട്ട കഴിക്കുന്നത് സാൽമൊണല്ല ബാക്ടീരിയ ബാധയ്ക്ക് കാരണമായേക്കാം എന്നതുകൊണ്ട് ഒഴിവാക്കുന്നതാണ് നല്ലത്.

എത്ര മുട്ട കഴിക്കാം?
സാധാരണ ആരോഗ്യമുള്ള ഒരാൾക്ക് ദിവസം 1-2 മുട്ടകൾ വരെ സുരക്ഷിതമായി കഴിക്കാം. പ്രമേഹമോ ഹൃദ്രോഗമോ ഉള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം എണ്ണം ക്രമീകരിക്കണം.
