ദീർഘകാല കരൾരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ സലീം കുമാറിന്റെ വേർപാട് മലയാള സിനിമ ലോകത്തിന് എന്നും ഒരു തീരാ നഷ്ടമായിരിക്കും. വർഷങ്ങളോളം ഗുരുതരമായ ലിവർ സിറോസിസിനെ തുടർന്ന് സിനിമയിൽ നിന്ന് പോലും അദ്ദേഹം ഇടവേളയെടുത്തിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

എന്നാൽ തനിക്ക് ലിവർ സിറോസിസ് വരാൻ കാരണം മദ്യപാനമല്ലെന്ന് ഒരിക്കൽ സലീം കുമാർ തന്നെ വെളിപ്പെടുത്തിയിരുന്നു. അത് പാരമ്പര്യമായി കിട്ടിയ അസുഖമായിരുന്നും തന്റെ സഹോദരനും ഇതേ അസുഖമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. രോഗാവസ്ഥയിലായിരുന്ന കാലയളവിൽ വ്യാജ വൈദ്യന്മാരുടെ ചികിത്സകൾ തേടേണ്ടി വന്നതും, അത് ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കിയതും താരം തന്നെ മുൻപ് പരസ്യമായി വെളിപ്പെടുത്തിയിരുന്നു.
എന്താണ് ലിവർ സിറോസിസ്?
കരളിനെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ ഘട്ടമാണ് ലിവർ സിറോസിസ്. ആരോഗ്യകരമായ കരൾ ടിഷ്യു നശിപ്പിക്കപ്പെടുകയും അവിടെ കലകൾ കട്ടിയാവുകയും ചെയ്യുന്നു. ഇത് കരളിന്റെ ഘടനയെയും പ്രവർത്തനത്തെയും ബാധിക്കും. സിറോസിസ് പുരോഗമിക്കുമ്പോൾ, രക്തം ഫിൽട്ടർ ചെയ്യാനും പോഷകങ്ങൾ പ്രോസസ്സ് ചെയ്യാനും വിഷവസ്തുക്കളെ നീക്കം ചെയ്യാനുമുള്ള കഴിവ് കരളിന് നഷ്ടപ്പെടുന്നു.

ലിവര്‍ സിറോസിസ് പാരമ്പര്യമായി വരുമോ?
ലിവർ സിറോസിസ് പാരമ്പര്യമായും വരാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പാരമ്പര്യമായി വരുന്ന ചില രോഗങ്ങളായ ഹീമോക്രോമാറ്റോസിസ്, വിൽസൺസ് ഡിസീസ് പോലുള്ള അവസ്ഥകൾ കരളിന്റെ നാശത്തിനും സിറോസിസിനും കാരണമാകും.
കരളിനെ ബാധിച്ച് സിറോസിസിലേക്ക് നയിക്കുന്ന ചില പ്രധാന ജനിതക അവസ്ഥകൾ:
വിൽസൺസ് ഡിസീസ് (Wilson’s disease): കരളിൽ അമിതമായി ചെമ്പ് (copper) അടിഞ്ഞുകൂടുന്ന പാരമ്പര്യ രോഗം.
ഹീമോക്രോമാറ്റോസിസ് (Hemochromatosis): ശരീരത്തിൽ അമിതമായി ഇരുമ്പ് (iron) അടിഞ്ഞുകൂടുന്ന അവസ്ഥ.
ആൽഫ-1 ആന്റിട്രിപ്സിൻ ഡെഫിഷ്യൻസി (Alpha-1 antitrypsin deficiency): ഒരു പ്രത്യേക പ്രോട്ടീന്റെ ഉത്പാദനത്തെ ബാധിക്കുന്ന ജനിതക തകരാർ.
സിസ്റ്റിക് ഫൈബ്രോസിസ് (Cystic fibrosis): ശ്വാസകോശത്തെയും ദഹനവ്യവസ്ഥയെയും ബാധിക്കുന്ന പാരമ്പര്യ രോഗം.
ലിവർ സിറോസിസിന്റെ മറ്റ് കാരണങ്ങൾ

- അമിതമായ മദ്യപാനമാണ് ലിവർ സിറോസിസ് വരാനുള്ള പ്രധാന കാരണം. ഇത് കരളിന്റെ നാശത്തിനും വീക്കത്തിനും കാരണമാകും.
- ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾ മൂലമുള്ള അണുബാധ കരളിലെ വീക്കത്തിനും പിന്നീട് സിറോസിസിനും കാരണമാകും.
- കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടി ഉണ്ടാകുന്ന അവസ്ഥയാണ് നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് ഇത് ലിവർ സിറോസിസ് ഉണ്ടാവാനുള്ള ഒരു സാധ്യതയാണ്.
- ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം കരളിനെ ആക്രമിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ്
- പിത്ത സഞ്ചിയെ ബാധിക്കുന്ന അപൂർവമായ കരൾരോഗമാണ് ബിലിയറി സിറോസിസ്. ഇത് കരളിന്റെ നാശത്തിലേക്കു നയിക്കും.
ലിവർ സിറോസിസിന്റെ ലക്ഷണങ്ങൾ
- നിരന്തരം കടുത്ത ക്ഷീണവും തളർച്ചയും തോന്നുന്നത് ലിവർ സിറോസിസ് ലക്ഷണമാകാം
- വിശപ്പില്ലായ്മയും ശരീരഭാരം കുറയുന്നതുമാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ
- കരളിന്റെ പ്രവർത്തനം തകരാറിലാകുമ്പോൾ ഓക്കാനവും ഛർദിയും ഉണ്ടാകും
- നടത്തത്തിലും പെരുമാറ്റത്തിലും മാറ്റം, ഫാറ്റി ലിവര്‍ നാഡീവ്യൂഹത്തെ ബാധിക്കും, ലക്ഷണങ്ങള്‍
ലിവർ സിറോസിസിനെ എങ്ങനെ ചികിത്സിക്കാം

- ജീവിത ശൈലിയിൽ മാറ്റം കൊണ്ടുവരിക എന്നതാണ് പ്രധാനം. മദ്യപാനം ഒഴിവാക്കുക.
- ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക.
- ലിവർ സിറോസിസിന്റെ സങ്കീർണതകളായ കരളിലെ ഉയർന്ന രക്തസമ്മർദം, ഉദരത്തിൽ ഫ്ലൂയിഡ് കെട്ടിക്കിടക്കുക ഇതെല്ലാം നിയന്ത്രിക്കാൻ മരുന്നിലൂടെ സാധിക്കും.
- രോഗം ഗുരുതരമാണെങ്കിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ രോഗം ചികിത്സിച്ചു മാറ്റാൻ സാധിക്കും.
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കരൾ മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയ്ക്ക് ശേഷമുള്ള കാലയളവ് വളരെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ടതാണ്. പരിപൂർണ വിശ്രമമാണ് പ്രധാനം. മരുന്നുകൾക്കൊപ്പം ഭക്ഷണശീലത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്.

പ്രതിരോധ മരുന്നുകൾ (Immunosuppressants): മാറ്റിവെച്ച കരളിനെ ശരീരം തിരസ്കരിക്കാതിരിക്കാൻ സഹായിക്കുന്ന മരുന്നുകളാണിത്. ഡോക്ടർ നിർദ്ദേശിച്ച സമയത്ത്, ജീവിതകാലം മുഴുവൻ ഈ മരുന്നുകൾ കൃത്യമായി കഴിക്കണം.
അണുബാധ സൂക്ഷിക്കണം: ഈ ഘട്ടത്തിൽ രോഗപ്രതിരോധ ശേഷി കുറവായതിനാൽ അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, ആളുകൾ കൂട്ടംകൂടുന്ന സ്ഥലങ്ങൾ ഒഴിവാക്കുക, രോഗികളുമായി സമ്പർക്കം പുലർത്താതിരിക്കുക.
ഭക്ഷണക്രമം: പോഷകസമൃദ്ധമായ ഭക്ഷണരീതി പിന്തുടരണം. പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക. എണ്ണ, ഉപ്പ്, മധുരം എന്നിവയുടെ അളവ് കുറയ്ക്കണം. പുറത്തു നിന്നുള്ള ഭക്ഷണങ്ങളും വെള്ളവും പൂർണ്ണമായും ഒഴിവാക്കുക.
മുറിവുകളുടെ പരിചരണം: ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മുറിവുകൾ എപ്പോഴും ഉണങ്ങിയതും വൃത്തിയുള്ളതുമായി സൂക്ഷിക്കുക.
ശീലങ്ങളിലെ മാറ്റം: മദ്യം, പുകയില എന്നിവ പൂർണ്ണമായും ഉപേക്ഷിക്കണം. ഡോക്ടറുടെ അനുമതിയില്ലാതെ മറ്റ് വേദനസംഹാരികളോ (Painkillers) മറ്റു മരുന്നുകളോ കഴിക്കരുത്.
വ്യായാമവും വിശ്രമവും: പൂർണ്ണമായ വിശ്രമം അത്യാവശ്യമാണ്. അതേസമയം, ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെറിയ രീതിയിലുള്ള നടത്തം ശീലമാക്കാം. ഭാരമുള്ള വസ്തുക്കൾ എടുക്കരുത്.
തുടർ പരിശോധനകൾ (Follow-ups): കൃത്യമായ ഇടവേളകളിൽ രക്തപരിശോധനകളും ഡോക്ടറുടെ പരിശോധനകളും നടത്തുക. പുതിയ കരളിൻ്റെ പ്രവർത്തനവും മരുന്നുകളുടെ അളവും മനസ്സിലാക്കാൻ ഇത് ആവശ്യമാണ്.
