ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് ചിയ സീഡ്. നാരുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ചിയ സീഡ്, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായകമാണ്.
ചിയ സീഡിലെ ഉയർന്ന നാരുകൾ കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കാൻ സഹായിക്കുന്നു.

കൂടാതെ, കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.
ചിയ വിത്തുകൾ ദഹനാരോഗ്യത്തെ ഗണ്യമായി മെച്ചപ്പെടുത്തുന്നു. ഇത് ദഹനത്തെ ക്രമപ്പെടുത്തുകയും ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യുന്നു.
എന്നാൽ, ഗുണങ്ങൾ ഏറെയുണ്ടെങ്കിലും സീഡ് സീഡ് എല്ലാവർക്കും കഴിക്കാൻ പറ്റില്ല. ചില ആരോഗ്യപ്രശ്നങ്ങളുള്ളവർ ചിയ സീഡ് നിർബന്ധമായും ഒഴിവാക്കണം.
- കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ.
അമിത രക്തസമ്മർദ്ദമുള്ളവർക്ക് ചിയ വിത്തുകൾ ഗുണകരമാകുമെങ്കിലും കുറഞ്ഞ രക്തസമ്മർദ്ദമുള്ളവരിൽ ഇത് വിപരീതഫലം ഉണ്ടാക്കിയേക്കും.

ചിയ വിത്തുകൾക്ക് രക്തസമ്മർദ്ദം കുറയ്ക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിരുന്നു.
രക്തസമ്മർദ്ദം കുറവുള്ളവർ ചിയ സീഡ് കഴിക്കുന്നത് തലകറക്കം, ക്ഷീണം, ബോധക്ഷയം എന്നിവയ്ക്ക് കാരണമായേക്കാം.
- രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിക്കുന്നവർ.
രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിക്കുന്നവർ ചിയ വിത്തുകൾ ഒഴിവാക്കണം. കാരണം, ഇത് മരുന്നുകളുടെ ഫലത്തെ ബാധിക്കുകയും അമിതമായ രക്തസ്രാവത്തിന് ഇടയാക്കുകയോ ചെയ്തേക്കാം.

ചിയ വിത്തുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതിനാലാണിത്.
- വൃക്കരോഗമുള്ളവർ.
ചിയ സീഡിൽ പൊട്ടാസ്യവും ഫോസ്ഫറസും ധാരാളമായി അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യത്തിന്റെ അമിതമായ ഉപയോഗം hyperkalemia എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം.

ഇതിന് പുറമെ, ചിയ വിത്തുകളിൽ ഓക്സലേറ്റുകളും കൂടുതലാണ്. ഈ സംയുക്തം വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നതിന് കാരണമാകും.
- ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവർ.
ദഹനസംബന്ധമായ പ്രശ്നങ്ങളുള്ളവർ ചിയ സീഡ് കഴിക്കരുത്. ഏകദേശം രണ്ട് ടേബിൾസ്പൂൺ ചിയ വിത്തുകളിൽ 10 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്.

നാരുകൾ ദഹന ആരോഗ്യത്തിന് നല്ലതാണെങ്കിലും അവയുടെ അമിതമായ ഉപയോഗം ദഹനസംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമായേക്കും.
ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ വയറുവീർക്കുക, വയറിളക്കം, മലബന്ധം എന്നിവയ്ക്ക് കാരണമാകും.