ഗർഭപാത്രം നീക്കം ചെയ്യുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ശാരീരികമായും മാനസികമായും വലിയൊരു മാറ്റമാണ്.
ശസ്ത്രക്രിയ കഴിഞ്ഞു, ഇനി പേടിക്കാനൊന്നുമില്ല എന്ന് കരുതി പലരും വിശ്രമത്തിലോ ഭക്ഷണത്തിലോ വേണ്ടത്ര ശ്രദ്ധ നൽകാറില്ല.
എന്നാൽ സർജറിക്ക് ശേഷമുള്ള ആദ്യത്തെ ഏതാനും മാസങ്ങൾ നിങ്ങളുടെ ബാക്കി ജീവിതത്തിന്റെ ആരോഗ്യത്തെ തീരുമാനിക്കുന്നവയാണ്.
വളരെ സാധാരണമായി ചെയ്യപ്പെടുന്ന ഒരു ശസ്ത്രക്രിയയാണു ഗർഭപാത്രം നീക്കം ചെയ്യൽ അഥവാ ഹിസ്റ്ററക്ടമി.
ഗർഭാശയവും അനുബന്ധ അവയവങ്ങളും അതായത് ഗർഭപാത്രം, ഫാലോപിയൻ ട്യൂബുകൾ, അണ്ഡാശയം, ഗർഭാശയ ഗളം എന്നിവ പൂർണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന ഈ ശസ്ത്രക്രിയ പല തരത്തിൽ ഉണ്ട്.

ഓപ്പറേഷനു ശേഷം അൽപകാലം കൂടി ചെറിയ തോതിലുള്ള രക്തസ്രാവം ഉണ്ടായേക്കാം. ഇത് ഏതാണ്ട് ഒരു മാസത്തോളം നീണ്ടുനിൽക്കാം.
സാധാരണ രീതിയിലുള്ള സാനിറ്ററി പാഡുകൾ ഉപയോഗിച്ചാൽ മതിയാകും. ഇതു ചിലപ്പോൾ ചുവപ്പു നിറത്തിലോ തവിട്ടുനിറത്തിലോ ആകാം.
മൂത്രമൊഴിക്കാനോ മലവിസർജനം ചെയ്യാനോ തുടക്കത്തിൽ ചെറിയ ബുദ്ധിമുട്ടികൾ ഉണ്ടായേക്കാം. ഇതു സാധാരണമാണ്. ക്രമേണ മാറിക്കൊള്ളും.
അതുപോലെ തന്നെ യോനിയിലെ വരൾച്ച, ലൈംഗിക താൽപര്യക്കുറവ്, ക്ഷീണം, ചിലപ്പോൾ ഉറക്കക്കുറവ് എന്നിവയൊക്കെ ചിലരിൽ കണ്ടുവരാറുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.?
1∙ ഓപ്പറേഷനു ശേഷം വീട്ടിനകത്തു നടക്കുകയും ഭാരം കുറഞ്ഞ സാധാരണ ജോലികളിൽ ഏർപ്പെടുകയും ചെയ്യാം.
2∙ ദിവസേന കുളിക്കുന്നതിനും തടസ്സമില്ല. മുറിവുകൾക്കു മുകളിൽ മൃദുവായ ടൗവൽ കൊണ്ടു തുടച്ച് ഉണക്കി സൂക്ഷിച്ചാൽ മതി.
3∙ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ അൽപം വേദനയും ബുദ്ധിമുട്ടും തുടക്കത്തിൽ ഉണ്ടാകും. ഓപ്പറേഷനു ശേഷം യൂറോപ്യൻ ക്ലോസറ്റ് ഉപയോഗിക്കുന്നതു തന്നെയാണു നല്ലത്. ദീർഘനേരം ടോയ്‌ലറ്റിൽ ഇരിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4∙ ധാരാളം പഴങ്ങളും പച്ചക്കറികളും അടങ്ങിയതും എളുപ്പം ദഹിക്കുന്നതുമായ ഭക്ഷണമാണു നല്ലത്. പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ മുറിവു വേഗം ഉണങ്ങാനും ശരീരകോശങ്ങൾ പഴയ സ്ഥിതിയിൽ ആവാനും സഹായിക്കും. ധാരാളം വെള്ളം കുടിക്കണം.
5∙ ചുരുങ്ങിയത് ആറാഴ്ചക്കാലത്തേക്കു ഭാരിച്ച ജോലികൾ, ഭാരം ഉയർത്തൽ എന്നിവയൊന്നും വേണ്ട. ∙ ശാരീരികബന്ധം പുനരാരംഭിക്കാനും ഇതേ കാലയളവു തന്നെ വേണം.
6∙ ഡിസ്ചാർജ് സമയത്തു നിർദേശിച്ച മരുന്നുകൾ പറഞ്ഞ ഡോസിൽ പറഞ്ഞ കാലത്തേക്കു കഴിക്കേണ്ടതാണ്. ഓപ്പറേഷനു ശേഷം വേദനാസംഹാരികളുടെ ഉപയോഗം നിർത്തിയ ശേഷമേ ഡ്രൈവിങ് ചെയ്യാവൂ. മയക്കം ഉണ്ടാവുന്ന മരുന്നുകൾ അപകടസാധ്യത വർധിപ്പിക്കാം.
അതുപോലെ തന്നെ ഡ്രൈവിങ് സീറ്റിൽ ശരിയാംവണ്ണം ഇരിക്കാനും സീറ്റ്ബെൽറ്റ് ധരിക്കാനും ഒക്കെ സാധിക്കുന്നതു വരെ ഡ്രൈവ് ചെയ്യാതിരിക്കുക. ചുരുക്കത്തിൽ ഒരു മാസമെങ്കിലും വിശ്രമം നല്ലതാണെന്നർഥം.
ഇനി അപകടകമായ അവസ്ഥ എന്താണ്.?

1.ചുവപ്പുനിറത്തിലെ രക്തസ്രാവം കാണുക.
2∙ 100 ഡിഗ്രിക്കു മുകളിലുള്ള പനി
3∙ കടുത്ത ഓക്കാനവും ഛർദിയും
4∙ മൂത്രമൊഴിക്കുമ്പോള്‍ കടുത്തനീറ്റൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക.
5∙ ശസ്ത്രക്രിയാ മുറിവിൽ നിന്നു രക്തസ്രാവം, പഴുപ്പ്, മുറിവിനു ചുറ്റും വീക്കം
6∙ ഓപ്പറേഷൻ ചെയ്ത സ്ഥലത്തു സഹിക്കാനാകാത്ത വേദന.
തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടേണ്ടത് അത്യാവിശ്യമാണ്.