ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക:
ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് മൂലം ഷുഗര്‍ കുറയുമെന്ന് ചില പഠനഫലങ്ങള്‍ വന്നിട്ടുണ്ട്.
ഇങ്ങനെ വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുമെന്നും, ഗ്ലൂക്കോസ് ആഗിരണം വൈകിപ്പിക്കുമെന്നും അഭിപ്രായമുണ്ട്.
കൂടാതെ, ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നും ചിലര്‍ വാദിക്കുന്നു.

മറ്റു ചിലരാകട്ടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ജലാംശം അത്യാവശ്യമാണെങ്കിലും, അത് രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തെ കാര്യമായി ബാധിക്കുന്നില്ലെന്നും വാദിക്കുന്നു.
എന്താണ് സത്യാവസ്ഥ ?. വിശദീകരിക്കുന്നു എത്‌നിക് ഹെല്‍ത്ത് കോര്‍ട്ട്..
ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.
പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹമോ ഇന്‍സുലിന്‍ റെസിസ്റ്റന്‍സോ ഉള്ളവര്‍ക്ക്. കൂടാതെ ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് വയറ് നിറഞ്ഞെന്ന തോന്നല്‍ (Feeling of fullness) ഉണ്ടാക്കും.
ഇത് കാരണം അമിതമായി ഭക്ഷണം കഴിക്കുന്നത് (Overeating) കുറയ്ക്കാനും, അതുവഴി മൊത്തത്തിലുള്ള കലോറിയും ഗ്ലൂക്കോസ് ഉപഭോഗവും കുറയ്ക്കാനും സഹായിക്കും.
കൂടാതെ ആമാശയം ശൂന്യമാക്കുന്നത് പതുക്കെയാക്കുന്നു.

ഈ രണ്ടു കാര്യങ്ങളും ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് തടയും. കൂടാതെ, മതിയായ ജലാംശം വൃക്കകളുടെ പ്രവര്‍ത്തനത്തിനും വളരെ നല്ലതാണ്.
ഇത് മൂത്രത്തിലൂടെ അധിക പഞ്ചസാര പുറന്തള്ളുന്നതിലൂടെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഈ വിവരങ്ങള്‍ ശരിയാണെന്ന് ഡയബറ്റിസ് എജ്യൂക്കേറ്റര്‍ കനിക മല്‍ഹോത്രയും ഉറപ്പു നല്‍കുന്നുണ്ട്.
മല്‍ഹോത്രയുടെ അഭിപ്രായത്തില്‍, ടൈപ്പ് 2 പ്രമേഹം, പ്രീ ഡയബറ്റിസ് അല്ലെങ്കില്‍ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് എന്നിവയുള്ള ആളുകള്‍ക്ക് ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ഏറ്റവും ഗുണം ചെയ്യും.
ഭക്ഷണത്തിന് ഏകദേശം 30 മിനിറ്റ് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് നല്ലത്. വെള്ളം കുടിക്കുന്നത് കാലറി ഉപഭോഗം കുറയ്ക്കാനും ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കാനും സഹായിക്കും.
ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രണം മെച്ചപ്പെടുത്തും.

കൂടാതെ, അമിതഭാരമുള്ളവരോ മെറ്റബോളിക് സിന്‍ഡ്രോം ഉള്ളവരോ ആയ ആളുകള്‍ക്കും ഈ ശീലം നല്ലതാണ്, കാരണം വെള്ളം പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ക്ക് പകരമാകുകയും ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും.
എന്നിരുന്നാലും, വൃക്ക അല്ലെങ്കില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ നിര്‍ജലീകരണം ഒഴിവാക്കാന്‍ അവരുടെ ഡോക്ടറുമായി ബന്ധപ്പെട്ട് ഉപദേശം തേടുന്നതാകും നല്ലത്.