പ്രായത്തെ വെല്ലുവിളിക്കുന്ന ഫിറ്റ്നസ് നിലനിർത്തുകയാണ് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ. സ്‌ക്രീനിലെ മികവാർന്ന അഭിനയം കൊണ്ടു മാത്രമല്ല, ശാരീരികമായും മാനസികമായും മറ്റുള്ളവർക്ക് പ്രചോദനം തുടരുന്ന താരം കൂടിയാണ് ഷാരൂഖ്.
60-ാം വയസിലും ഷാരൂഖിന്റെ കട്ടിയുള്ളതും തിളങ്ങുന്നതുമായ മുടിയും എല്ലാവരിലും ആകർഷിതമാണ്.
അടുത്തിടെ, എയിംസിൽ പരിശീലനം നേടിയ സെലിബ്രിറ്റി ഡെർമറ്റോളജിസ്റ്റും ഹെയർ ട്രാൻസ്‌പ്ലാന്റ് വിദഗ്ധനുമായ ഡോ.ഗൗരംഗ് കൃഷ്ണ, നടന്റെ മുടി നാച്യുറലാണോ എന്ന ചോദ്യത്തിന് മറുപടി നൽകിയത്.

സിദ്ധാർത്ഥ് കണ്ണനുമായുള്ള സംഭാഷണത്തിൽ, സൽമാൻ ഖാൻ, രൺബീർ കപൂർ എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങളെയും അവരുടെ ഹെയർ ട്രാൻസ്ഫർമേഷനെക്കുറിച്ചും ഡോ.ഗൗരംഗ് കൃഷ്ണ സംസാരിച്ചിരിന്നു .
മുടികൊഴിച്ചിൽ വർധിക്കുന്നവരിൽ ഹെയർ ട്രാൻസ്‌പ്ലാന്റ് പലപ്പോഴും ഒന്നിലധികം സെഷനുകളിലാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബോളിവുഡിൽ നാച്യുറലായ മുടിയുള്ള സെലിബ്രിറ്റി ആരാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഏത് സെലിബ്രിറ്റിയുടെ മുടിയാണ് ഏറ്റവും ഇഷ്ടമെന്ന് ചോദിച്ചപ്പോൾ, ഷാരൂഖ് ഖാൻ എന്നാണ് ഡോ.കൃഷ്ണ മറുപടി നൽകിയത്.
അദ്ദേഹത്തിന്റെ മുടി തികച്ചും പ്രകൃതിദത്തമാണെന്നും നല്ല മുടിയാൽ അനുഗ്രഹീതനാണ് അദ്ദേഹമെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു.
71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് വാങ്ങാനെത്തിയപ്പോഴും ഷാരൂഖിന്റെ മുടി മികച്ചതും മനോഹരവുമായി തോന്നിയെന്നും ഡെർമറ്റോളജിസ്റ്റ് വ്യക്തമാക്കി.
ഷാരൂഖിന്റെ മുടി സംരക്ഷണ ദിനചര്യ
2023-ൽ എക്സിൽ (മുമ്പ് ട്വിറ്റർ) നടന്ന “ആസ്ക് ഷാരൂഖ്” എന്ന സെഷനിൽ, ഒരു ആരാധകൻ അദ്ദേഹത്തോട് തന്റെ മുടിക്ക് പിന്നിലെ രഹസ്യത്തെക്കുറിച്ച് ചോദിച്ചു. നെല്ലിക്ക, ഭൃംഗരാജ്, ഉലുവ എന്നിവ ചേർത്ത മിശ്രിതമാണ് താൻ മുടിയിൽ ഉപയോഗിക്കുന്നതെന്ന് ഷാരൂഖ് മറുപടി നൽകിയിരുന്നു.

മുടിക്ക് ബലം കൂട്ടുന്നതിനും, താരൻ കുറയ്ക്കുന്നതിനും, തിളക്കം നിലനിർത്തുന്നതിനും ഈ മൂന്ന് ചേരുവകളും പേരുകേട്ടതാണ്.
വൈറ്റമിൻ സി അടങ്ങിയ നെല്ലിക്ക രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്ന ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. അകാല നര തടയാനും വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ഭൃംഗരാജ് സഹായിക്കുന്നു.
അതേസമയം ഉലുവ തലയോട്ടിയുടെ ആരോഗ്യം വർധിപ്പിച്ച് മുടിക്ക് സ്വാഭാവിക തിളക്കം നൽകുന്നു.