ഡിസംബർ 12-ന് 75-ാം പിറന്നാൾ ആഘോഷിച്ച തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്, ഇന്നും സിനിമയിലെ തന്റെ ഊർജസ്വലമായ സാന്നിധ്യം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.
എഴുപതുകളിലും ഇത്രയും ഫിറ്റായി, ആരോഗ്യത്തോടെ തുടരാൻ അദ്ദേഹത്തെ സഹായിക്കുന്നത് ഒരു ചിട്ടയായ ഭക്ഷണക്രമമാണ്.
ഇതിലെ പ്രധാന രഹസ്യമാണ് ‘5 വെള്ള നിറത്തിലുള്ള ഭക്ഷണ സാധനങ്ങളെ’ ഒഴിവാക്കുക എന്നത്.
ചെന്നൈയിലെ കൺസൾട്ടന്റ് ബാരിയാട്രിക് സർജൻ ഡോ.പ്രീതി മൃണാളിനി രജനീകാന്തിന്റെ ഈ ആരോഗ്യരഹസ്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

ശുദ്ധമായ ഭക്ഷണം, ദിവസേനയുള്ള വ്യായാമം, ധ്യാനം എന്നിവയ്‌ക്കൊപ്പം രജനീകാന്ത് കർശനമായി ഒഴിവാക്കുന്ന അഞ്ച് ഭക്ഷണങ്ങളുണ്ട്.
ശരീരത്തിൽ അനാവശ്യമായ വീക്കത്തിനും ഇൻസുലിൻ വർധനവിനും ദഹന പ്രശ്‌നങ്ങൾക്കും കാരണമാകുന്നവയാണ് ഈ ഭക്ഷണങ്ങൾ എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഒരു പരിപാടിയിൽ സംസാരിക്കവേ ആണ് രജനീകാന്ത് തന്റെ ഭക്ഷണക്രമ തിരഞ്ഞെടുപ്പുകൾ വിശദീകരിച്ചത്.
“ഞാൻ പഞ്ചസാര, ഉപ്പ്, അരി, മൈദ (ശുദ്ധീകരിച്ച മാവ്), പാൽ, തൈര്, വെണ്ണ, ഗുളികകൾ എന്നിങ്ങനെയുള്ള വെളുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുന്നു. “
വെള്ള അരി

പച്ചക്കറികളോടൊപ്പം മിതമായ അളവിൽ കഴിക്കുന്നത് കുഴപ്പമില്ല. എന്നാൽ അമിതമായി കഴിച്ചാൽ ഭാരം ജെറ്റ് വേഗത്തിൽ വർധിക്കുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി.
പാൽ, തൈര് പോലുള്ള പാലുൽപ്പന്നങ്ങൾ
കാത്സ്യത്തിന്റെയും പ്രോട്ടീന്റെയും മികച്ച സ്രോതസാണെങ്കിലും, 40 വയസ്സിനു ശേഷം മെറ്റബോളിസം കുറയുമ്പോൾ ഇവയുടെ അമിത ഉപയോഗം വയറുവീർക്കലിനും ശരീര ഭാര നിയന്ത്രണത്തിൽ ബുദ്ധിമുട്ടിനും ഇടയാക്കിയേക്കാം.
വെള്ള പഞ്ചസാര

ഇത് ഒഴിവാക്കുന്നത് വയറിലെ കൊഴുപ്പ് കൂടുന്നത് തടയാൻ സഹായിക്കും. ഇൻസുലിൻ പ്രതിരോധത്തിനും അമിതമായ ഭക്ഷണത്തോടുള്ള ആർത്തിക്കും പ്രധാന കാരണം പഞ്ചസാരയാണ്.
വെള്ള ഉപ്പ്
നിയന്ത്രിത അളവിൽ കഴിച്ചില്ലെങ്കിൽ വയറുവീർക്കൽ, ശരീരത്തിൽ വെള്ളം കെട്ടിനിൽക്കൽ, ഉയർന്ന രക്തസമ്മർദം എന്നിവയ്ക്ക് കാരണമാകും.
മൈദ
അരിയിൽ അൽപം നാരുകളെങ്കിലും ഉണ്ടെങ്കിലും, മൈദയിൽ ‘ശൂന്യമായ കാലറി’ മാത്രമാണുള്ളത്. ഇത് ശരീരഭാരം കൂടാൻ ഉറപ്പായും വഴിയൊരുക്കും.
ഈ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെ ശരീരത്തെ ഏറ്റവും ആരോഗ്യകരമായ രീതിയിൽ നിലനിർത്താൻ രജനീകാന്തിന് സാധിക്കുന്നു.

ചിട്ടയായ ഭക്ഷണക്രമവും, നിത്യേനയുള്ള വ്യായാമവും ധ്യാനവുമാണ് തിരശ്ശീലയിലും പുറത്തും അദ്ദേഹത്തിന് ഈ യുവത്വമുള്ള ഊർജസ്വലത നൽകുന്നതിന്റെ പ്രധാന രഹസ്യം.