ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക:
സ്മാര്‍ട്ട് വാച്ചുകള്‍, ഫിറ്റ്‌നസ് ട്രാക്കറുകള്‍, മൊബൈല്‍ ആപ്പുകള്‍ എന്നിവ ഉപയോഗിച്ച് ജെന്‍ സി പിള്ളേര്‍ ഇപ്പോള്‍ അവരുടെ ആരോഗ്യം നിരീക്ഷിക്കുന്ന തിരക്കിലാണ്..
നിങ്ങള്‍ക്കും അറിയണ്ടേ ജെന്‍ സി ക്കാരുടെ ഈ പുതിയ രീതികള്‍..
വിശദീകരിക്കുന്നു എത്‌നിക് ഹെല്‍ത്ത് കോര്‍ട്ട്…

ഇന്നത്തെ യുവതലമുറ ജിമ്മിലെ കഠിനവ്യായാമം കഴിഞ്ഞാല്‍ ആദ്യം നോക്കുന്നത് കണ്ണാടിയല്ല, കയ്യിലെ സ്മാര്‍ട്ട് വാച്ചാണ്. ഉറക്കത്തിന്റെ നിലവാരം, ഒരു ദിവസത്തെ
കലോറി ഉപഭോഗം, നടന്നു തീര്‍ത്ത ചുവടുകള്‍… അങ്ങനെ ഓരോ ഡാറ്റയും കൃത്യമായി രേഖപ്പെടുത്തി ജീവിക്കുന്ന ഈ തലമുറയാണ് ഇന്ത്യയില്‍ പുതിയ ഫിറ്റ്‌നസ് തരംഗം സൃഷ്ടിക്കുന്നത്.
ഇക്കണോമിക് ടൈംസും, സ്‌നാപ്ചാറ്റും ചേര്‍ന്ന് പുറത്തിറക്കിയ ജെന്‍ സി ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് പ്രകാരം, 18-നും 28-നും ഇടയില്‍ പ്രായമുള്ള ഈ ജെന്‍ സികളെ
സംബന്ധിച്ചിടത്തോളം, ഫിറ്റ്‌നസ് അവരുടെ ഐഡന്റിറ്റിയുടെ ഘടകമായി മാറിക്കഴിഞ്ഞു.
നമ്മള്‍ എല്ലാവരും വര്‍ഷാവസാനം പറയാറില്ലേ.. അടുത്ത ന്യൂ ഇയര്‍നു മുന്നേ തടി കുറച്ചിരിക്കും.. എന്നാല്‍ ഒന്നും നടക്കുകയും ഇല്ല…
ഇത്തരത്തിലുള്ള ഒരു വെറും വാക്ക് പോലെയല്ല, ചിട്ടയായ ഒരു ജീവിതരീതിയാണ് ജെന്‍ സി പിന്തുടരുന്നത്.

റിപ്പോര്‍ട്ട് അനുസരിച്ച്, 80 ശതമാനം ജെന്‍ സികളും ഫിറ്റ്‌നസ് ശീലങ്ങളെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയവരാണ്. ഇവരില്‍ 75 ശതമാനത്തിലധികം പേര്‍ അവരുടെ
ശാരീരിക പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യാന്‍ മൊബൈല്‍ ആപ്പുകളോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കുന്നവരാണ്. സ്റ്റെപ്പ് കൗണ്ടറുകളും കലോറി
കാല്‍ക്കുലേറ്ററുകളും ഇന്ന് അവരുടെ ദിനചര്യയുടെ ഭാഗമാണ്. ഫിറ്റ്‌നസിനെക്കുറിച്ചുള്ള ജെന്‍ സികളുടെ കാഴ്ചപ്പാട് മസില്‍ ഉണ്ടാക്കുക എന്നത് മാത്രമല്ല, അവരുടെ മാനസികാരോഗ്യവും ലക്ഷ്യം വച്ചുള്ളതാണ്.
സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് പേരും ശാരീരിക ക്ഷമതയെപ്പോലെ തന്നെ മാനസികാരോഗ്യവും പ്രധാനമാണ് എന്ന് അഭിപ്രായപ്പെട്ടുന്നു. മെഡിറ്റേഷന്‍, ഡിജിറ്റല്‍
ഡിറ്റോക്‌സ്, ഉറക്കം ട്രാക്ക് ചെയ്യുന്ന ആപ്പുകള്‍ എന്നിവ ഇവരുടെ ദിനചര്യയുടെ ഭാഗമാണ്. സമ്മര്‍ദ്ദവും ഉത്കണ്ഠയും തുറന്നു സംസാരിച്ച് അതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും ഈ തലമുറ പൊളി തന്നെയാണ്.

ഇന്‍ഫ്‌ളുവന്‍സര്‍മാരും ക്രിയേറ്റര്‍മാരുമാണ് ജെന്‍ സികളുടെ ഫിറ്റ്‌നസ് ആശയങ്ങളുടെ പ്രധാന സ്രോതസ്സ്. 70 ശതമാനത്തിലധികം പേരും ആരോഗ്യകരമായ കണ്ടന്റുകള്‍ കണ്ടെത്തുന്നത് സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ്.
കൂടാതെ അവരുടെ ഫിറ്റ്‌നസ് നേട്ടങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് എല്ലാവരിലേക്കും എത്തിക്കാനും അവര്‍ ശ്രദ്ധിക്കാറുണ്ട്..
നിങ്ങള്‍ക്കും ഈ വഴിയിലൂടെ ഫിറ്റ്‌നസ് നേടാം..