ഇതെക്കുറിച്ചുള്ള വീഡിയോ താഴെ കാണുക:
വാസക്ടമി സര്‍ജറി ഉത്തേജനശേഷി കുറയ്ക്കുമോ ?… കുട്ടികള്‍ ഉണ്ടാകുന്നതിന് തടസ്സമാകുമോ ?…
ശസ്ത്രക്രിയ കഴിഞ്ഞു ആദ്യ മൂന്നു മാസം പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ എന്താണ് സംഭവിക്കുന്നത് ?
വാസക്ടമി വളരെ ഫലവത്തായ പുരുഷ ഗര്‍ഭനിരോധനമാര്‍ഗമാണ്. വളരെ എളുപ്പത്തില്‍, ലോക്കല്‍ അനസ്തീസിയ മാത്രം നല്‍കി ചെയ്യാവുന്ന സര്‍ജറിയാണിത്.
വൃഷണത്തില്‍ നിന്നും മൂത്രനാളിയിലേക്കു ബീജം കൊണ്ടുപോകുന്ന വാസ് ഡിഫറന്‍സ് (Vas deferens) എന്ന ട്യൂബ് മുറിക്കുകയോ കെട്ടുകയോ ചെയ്യുന്നു.

തന്മൂലം ശുക്ലത്തില്‍ (Semen) ബീജം കലരുന്നത് ഒഴിവാകുകയും അങ്ങനെ ഗര്‍ഭധാരണ സാധ്യത ഇല്ലാതാവുകയും ചെയ്യുന്നു.
എന്നാല്‍ ചില തെറ്റിധാരണകള്‍ കാരണം ആളുകള്‍ വാസക്ടമി ചെയ്യാന്‍ മടിക്കാറുണ്ട്. വാസക്ടമി ചെയ്താല്‍ ഉത്തേജനശേഷി കുറയും. ശുക്ലത്തിന്റെ അളവു കുറയും എന്നൊക്കെയുള്ള ധാരണകളുണ്ട്.
ഇതിലൊന്നും ഒരു കഴമ്പുമില്ല….
ശുക്ലത്തിന്റെ ഉല്‍പാദനകാര്യത്തില്‍ വൃഷണങ്ങള്‍ക്കു അഞ്ചു ശതമാനമേ പങ്കുള്ളൂ. 95 ശതമാനവും മറ്റു ഗ്രന്ഥികളില്‍ നിന്നാണു വരുന്നത്. വാസക്ടമിക്കു ശേഷം മൂന്നുമാസത്തേക്കോ അല്ലെങ്കില്‍ 20 ശുക്ലവിസര്‍ജനം ചെയ്യുന്ന കാലയളവിലേക്കോ ഗര്‍ഭധാരണം സാധ്യമാക്കാനുള്ള ശേഷിയുമുണ്ട്.

അതുകൊണ്ടു മൂന്നു മാസത്തേക്കെങ്കിലും മറ്റെന്തെങ്കിലും ഗര്‍ഭനിരോധനമാര്‍ഗം കൂടി ഉപയോഗിക്കുന്നതു നന്നായിരിക്കും.
വളരെ അപൂര്‍വമായി രണ്ടു മുതല്‍ 10 ശതമാനം പേരില്‍ ചില പാര്‍ശ്വഫലങ്ങള്‍ കാണാറുണ്ട്. 1000 പേരില്‍ ഒരാള്‍ക്ക് എന്ന നിരക്കില്‍ വാസക്ടമി പരാജയപ്പെടാറുണ്ട്.
അതായത്, വാസക്ടമി ചെയ്തയാള്‍ ബന്ധപ്പെടുമ്പോള്‍ ഗര്‍ഭധാരണത്തിന് ഇടയാക്കുക, അല്ലെങ്കില്‍ വാസക്ടമി കഴിഞ്ഞു മൂന്നുമാസത്തിനു ശേഷവും ശുക്ലത്തില്‍ ബീജങ്ങളുടെ സാന്നിധ്യം കാണുക.
വാസക്ടമി ചെയ്താലും ഭാവിയില്‍ കുഞ്ഞു വേണമെന്നുണ്ടെങ്കില്‍ അതു സാധ്യമാക്കാന്‍ കഴിയും. ബീജങ്ങളെ ശീതീകരിച്ചു സൂക്ഷിക്കുക അഥവാ Sperm cryopreservation ആണ് ഒരു വഴി.
പിന്നീട് ആവശ്യം വരുമ്പോള്‍ ഐവിഎഫ്, ഐയുഐ പോലെയുള്ള രീതികളിലൂടെ ഗര്‍ഭധാരണം സാധ്യമാക്കാം.

ഇനി ഈ ശസ്ത്രക്രിയയുടെ നടപടിക്രമത്തെക്കുറിച്ചു അറിഞ്ഞിരിക്കാം.!
- ഇതൊരു ചെറിയ ശസ്ത്രക്രിയയാണ്, സാധാരണയായി 20-30 മിനിറ്റ് എടുക്കും.
- പ്രാദേശിക അനസ്‌തേഷ്യ (local anesthesia) ഉപയോഗിച്ചാണ് ഇത് സാധാരണയായി ചെയ്യുന്നത്.
- ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ചെറിയ വേദനയോ നീര്‍വീക്കമോ ഉണ്ടാകാം. ഒരു ദിവസത്തിനുള്ളില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം.
- ശസ്ത്രക്രിയക്ക് ശേഷം കുറച്ച് ദിവസത്തേക്ക് ജോലികള്‍ ഒഴിവാക്കേണ്ടിവരുന്നതാണ്.
ഇത്തരം ഒരു ശസ്ത്രക്രിയ ഒരിക്കലും ഭയപ്പെടേണ്ടതല്ല.