കൂർക്കംവലി ഒരിക്കലും നല്ല ഉറക്കത്തിന്റെ ലക്ഷണമല്ല, മറിച്ച് രോഗലക്ഷണമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ശാന്തമായ ഉറക്കത്തിനിടെ ഉണ്ടാകുന്ന കൂർക്കംവലിക്ക് പിന്നിൽ സ്ലീപ് അപ്നിയ ആകാം.
ഇത് സ്ട്രോക് സാധ്യത വർധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഉറക്കത്തിൽ തൊണ്ടയിലെ പേശികൾ അയഞ്ഞു തൂങ്ങുകയും വായുസഞ്ചാരം തടസ്സപ്പെടുകയും ചെയ്യുന്നതാണ് സ്ലീപ് അപ്നിയ എന്ന അവസ്ഥ.

ഈ അവസ്ഥയിൽ, ശരീരത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരികയും ഹൃദയമിടിപ്പ് ക്രമാതീതമായി വർധിക്കുകയും ചെയ്യുന്നു.
കൂടാതെ രക്തസമ്മർദം പെട്ടെന്ന് ഉയരാനും പക്ഷാഘാതം സംഭവിക്കാനും കാരണമാകും. സ്ലീപ് അപ്നിയ ഉള്ളവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സ്ട്രോക്ക് സാധ്യത ഇരട്ടിയാണെന്ന് പഠനങ്ങൾ പറയുന്നു, പ്രത്യേകിച്ച് പുലർച്ചെ സമയങ്ങളിൽ.
ഇതിന് കാരണം രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന ഓക്സിജൻ കുറവാണ്. ഓക്സിജൻ കുറയുന്ന സാഹചര്യത്തിൽ രക്തം കട്ടിപിടിക്കാനുള്ള സാധ്യത വർധിക്കുകയും ഇത് തലച്ചോറിലെ രക്തധമനികളിൽ തടസ്സം ഉണ്ടാക്കുകയും ചെയ്യുന്നു.

രാത്രിയിലെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.!
- ഉച്ചത്തിലുള്ള കൂർക്കംവലി
- ഉറക്കത്തിനിടയിൽ ഞെട്ടി ഉണരുക
- രാവിലത്തെ തലവേദന
- പകൽസമയത്തെ അമിതമായ ഉറക്കം
കൂർക്കംവലിയെ ഒരു തമാശയായോ സ്വാഭാവികമായ ഒന്നായോ കാണാതെ, ശരീരത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
സ്ലീപ് അപ്നിയ നേരത്തെ തിരിച്ചറിയുന്നത് സ്ട്രോക്ക് സാധ്യത വലിയൊരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും.
ചികിത്സ

. ഉറക്കത്തിലെ ഓക്സിജൻ അളവും ശ്വസന രീതിയും അളക്കുന്ന പരിശോധനയാണ് സ്ലീപ് സ്റ്റഡി. ഇത് ഓക്സിജൻ കുറയുന്നത് തിരിച്ചറിയാവ്‍ സഹായിക്കും.
. ഉറങ്ങുമ്പോൾ വായുസഞ്ചാരം സുഗമമാക്കാൻ സിപിഎപി മെഷീൻ ഉപയോഗിക്കാം.
. അമിതഭാരം കുറയ്ക്കുക, മദ്യപാനവും പുകവലിയും ഒഴിവാക്കുക.