Articles

പ്രമേഹത്തെയും കാന്‍സറിനെ പ്രതിരോധിക്കാന്‍ പിങ്ക് കൂൺ…

2020ൽ നിലവിൽ വന്ന ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വന്നതാണ് ‘ഔട്ട് കം ബേസ്ഡ് എജ്യൂക്കേഷൻ പോളിസി’.

വിദ്യാർഥി കേന്ദ്രീകൃതമാകണം വിദ്യാഭ്യാസം എന്ന ആശയത്തെ അടിസ്ഥാനമാക്കിയതാണിത്. വിദ്യാർഥികൾ പഠിക്കുന്ന കാര്യങ്ങളെ പ്രായോഗിക തലത്തിൽ കൊണ്ടു വരികയും അതിനെ നടപ്പിലാക്കാൻ കഴിയുകയും വേണം എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇപ്പോഴിതാ അത്തരമൊരു ലക്ഷ്യത്തിലാണ് ദേവഗിരി സെന്റ് ജോസഫ് കോളജിലെ സസ്യശാസ്ത്ര വിഭാഗം. ബിരുദതലത്തിൽ പഠിക്കുന്ന കൂൺ കൃഷിയെ സർട്ടിഫിക്കറ്റ് കോഴ്സാക്കി മാറ്റി വിദ്യാർഥികളിൽ സംരംഭകത്വത്തിന്റെ വിത്തുകൾ പാകിയിരിക്കുകയാണ് ഇതിന് നേതൃത്വം നൽകിയവർ.

അധ്യാപിക ഡോ.സൗമ്യയാണ് 2023ൽ ഇതിന് തുടക്കമിട്ടത്. പതിനഞ്ച് ബെഡുകളുമായി തുടക്കമിട്ടത് ഇന്ന് തൊണ്ണൂറ്റിനാല് ബെഡിലെത്തി നിൽക്കുന്നു. പ്രിൻസിപ്പൽ ഡോ.ഫാ.ബിജു ജോസഫ്, വൈസ് പ്രിൻസിപ്പലും

സസ്യശാസ്ത്ര വിഭാഗത്തിലെ അസോ. പ്രഫസറുമായ ഡോ.സതീഷ് ജോർജ്, കോളജ് അഡ്മിനിസ്ട്രേറ്റർ ഡോ.ബോണി അഗസ്റ്റിൻ, സസ്യശാസ്ത്ര വിഭാഗം മേധാവി ഡെൽസ് പി.സെബാസ്റ്റ്യൻ എന്നിവർ ഈ പദ്ധതിക്ക് പൂർണ പിന്തുണയും സഹകരണവും നൽകുന്നു.

രണ്ട് തരം ചിപ്പിക്കൂണാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. ദിവസവും മൂന്ന് നേരവും നനയ്ക്കുന്നത് വിദ്യാർഥികൾ തന്നെ. വയ്ക്കോൽ ആണ് ബെഡ് നിർമാണത്തിനായി ആദ്യം ഉപയോഗിച്ചതെങ്കിലും പിന്നീട് സൗകര്യത്തിനായി അത് പെല്ലറ്റിലേയക്ക് മാറി.

കോളജിലേതു പോലുള്ള സാഹചര്യത്തിൽ പെലറ്റാണ് നല്ലതെന്ന് അധ്യാപികയായ സൗമ്യ പറഞ്ഞു.

ഭാരതീയ സുഗന്ധവിള കേന്ദ്രത്തിലെ അഗ്രി ബിസിനസ് ഇൻക്യൂബേഷൻ കേന്ദ്രത്തിൽ നിന്നാണ് കൂൺ വിത്തുകൾ വാങ്ങുന്നത്. ബെഡുകൾ തയാറാക്കാനുപയോഗിക്കുന്ന പെല്ലറ്റുകൾ കണ്ണൂരിലെ ‘മൺസൂൺ മഷ്റൂം’ സ്ഥാപനത്തിൽ നിന്നാണ് വാങ്ങുന്നത്.

സെന്റ് ജോസഫ് കോളജ് ദേവഗിരി കോളജ് എന്ന് പൊതുവെ അറിയപ്പെടുന്നതിനാൽ ദേവഗിരിയിലെ ‘ദേവ’ യും ‘മഷ്റൂ’മും ചേർന്നാണ് ‘ദേവ്ഷ്റൂം’ എന്ന പേരുണ്ടായത്.

കൂൺ കൃഷിയെ പ്രാവർത്തികമാക്കി അതിനെ ഒരു സംരംഭമാക്കി വളർത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് കണ്ട് പ്രചോദനമുൾക്കൊണ്ട് പല സൃഹൃത്തുക്കളും ഇവരിൽ നിന്ന് കൂൺ വിത്തുകൾ വാങ്ങി അവരുടെ വീട്ടിൽ കൃഷി തുടങ്ങുകയും വരുമാനം നേടുന്നതായും വിദ്യാർഥിനികൾ പറയുന്നു.

നൂറ് ഗ്രാമിന്റെ ഒരു ബോക്സിന് 40 രൂപ നിരക്കിലാണ് വിൽപന. 94 ബെഡുകളാണ് ഇപ്പോഴുള്ളത്. ഇതുവരെ 30,000 രൂപയോളം വരുമാനം കിട്ടി.

പിങ്ക് ഓയ്സ്റ്റർ എന്നാണ് പൊതുവായി അറിയപ്പെടുന്നത്. ആന്തോസയാനിൻ എന്ന വർണകമാണ് ഈ നിറത്തിന് കാരണം. സാധാരണ കാണപ്പെടുന്ന വെള്ള കൂണുകളെക്കാളും ഔഷധപ്രധാനമുണ്ട്. ആന്റി-ഓക്സിഡറ്റുകൾ ധാരാളമായി കാണപ്പെടുന്ന ഇത് പ്രമേഹത്തിന് ഫലപ്രദമാണ്.

ലോവസ്റ്റാറ്റിൻ എന്ന സംയുക്തം ഇതിലടങ്ങിയിരിക്കുന്നതിനാൽ കൊളസ്ട്രോളിനെതിരെ പ്രവർത്തിക്കുന്നു. കാൻസറിനെ പ്രതിരോധിക്കാനും സൂക്ഷ്മാണുക്കളെ ചെറുക്കാനും കഴിയുന്നു.

ഇപ്പോഴുള്ള കൂൺ ഉൽപാദനം തന്നെ നവീകരിക്കണം എന്ന ആശയമാണ് ഡോ.സൗമ്യയുടെ മനസ്സിൽ. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ സഹായത്താൽ ഫണ്ടിങ് നേടിയെടുത്ത് സ്വന്തമായി കൂൺ വിത്തുകൾ ഉൽപാദിപ്പിക്കാൻ കഴിയുന്ന ഒരു യൂണിറ്റ് തുടങ്ങണം.

കൂൺ സംബന്ധമായ ഗവേഷണങ്ങൾ, ഔഷധ പ്രധാന്യമുള്ള കൂണുകളിൽ നിന്നും മരുന്ന് നിർമാണവുമായി ബന്ധപ്പെട്ട് ഗവേഷണങ്ങൾ എന്നിവ നടത്തണം. കൂടാതെ പൊതുജനങ്ങൾക്കും കർഷകർക്കും കൂൺ കൃഷിയുമായി ബന്ധപ്പെട്ട് പരീശീലനം നൽകണം.

ഇതിനു പുറമേ മൈക്രോഗ്രീൻസും വളർത്തലും ഭാവി പദ്ധതിയിലുൾപ്പെടുന്നു. ഇപ്പോൾ കൃഷി ചെയ്യുന്നത് പരമിതമായ സൗകര്യത്തിൽ ചെറിയ മുറിയിൽ ആണെങ്കിലും സ്ഥലപരിമിതി ഭാവിയിൽ മറികടക്കാനാകുമെന്നാണ് ഡോ. സൗമ്യയുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ ഭാവി സ്വപ്നങ്ങൾക്ക് ഇപ്പോഴത്തെ സ്ഥലപരിമിതി തടസ്സമാകുന്നില്ല.

പ്രമേഹം മാറ്റാൻ ഒരു അൽഭുത ജ്യൂസ്

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top