celebraty

ഞാൻ അമ്മയാകാൻ ആഗ്രഹിക്കുന്നില്ല; അണ്ഡങ്ങൾ ശീതീകരിച്ച് സൂക്ഷിക്കാൻ താൽപര്യമില്ലെന്ന് പാർവതി.!

അമ്മയാകുക എന്നത് ജീവിതത്തിലെ അനിവാര്യമായ ഒരു ഘട്ടമാണെന്ന പരമ്പരാഗത ചിന്താഗതി മാറി, അതൊരു വ്യക്തിപരമായ തിരഞ്ഞെടുപ്പായി മാറിക്കൊണ്ടിരിക്കുകയാണ്.

അടുത്തിടെ, നടി പാർവതി തിരുവോത്ത് ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി. അമ്മയാകേണ്ടെന്നും അണ്ഡങ്ങൾ ശീതീകരിച്ച് സൂക്ഷിക്കുന്ന പ്രക്രിയകൾക്ക് മുതിരേണ്ടെന്നും താൻ തീരുമാനിച്ചതിനെക്കുറിച്ച് തുറന്നു സംസാരിച്ചു.

“എന്റെ ശരീരം അത്തരമൊരു പ്രക്രിയയിലൂടെ കടന്നുപോകാൻ ഞാൻ ആഗ്രഹിച്ചില്ല. ഓരോരുത്തർക്കും അവരവരുടേതായ താൽപര്യങ്ങളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, അതിൽ ആരെയും കുറ്റപ്പെടുത്തേണ്ടതില്ല.

ജീവിതത്തിൽ തീർച്ചയായും ചെയ്യേണ്ട ഏക കാര്യം അമ്മയാവുക എന്നതാണെന്ന് കരുതിയിരുന്ന ഒരു കാലം എന്റെ ജീവിതത്തിലുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ ഞാൻ കരുതുന്നത്, ‘ഹാവൂ, ആ ചിന്തയിൽ നിന്ന് നീ രക്ഷപ്പെട്ടല്ലോ’ എന്നാണ്. ഇപ്പോൾ എനിക്ക് ആ പഴയ തോന്നലിന്റെ ഒരംശം പോലുമില്ല.

പക്ഷേ, ഇപ്പോൾ എനിക്ക് മറ്റുള്ളവരെ പരിപാലിക്കുന്ന കാര്യത്തിൽ കൂടുതൽ അവബോധമുണ്ട്. അത് എന്റെ നായയിൽ നിന്നാണ് എനിക്ക് ലഭിച്ചത്,” ദ മെയിൽ ഫെമിനിസ്റ്റിനു നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞു.

അണ്ഡങ്ങൾ ശീതീകരിച്ച് സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുംബൈ സെൻട്രലിലെ വൊക്കാർഡ് ഹോസ്പിറ്റൽസിലെ ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റായ ഡോ.ഗന്ധാലി ദിയോരുഖ്കറുടെ അഭിപ്രായത്തിൽ, രക്തപരിശോധനയിലൂടെയും അൾട്രാസൗണ്ടിലൂടെയും നിങ്ങളുടെ ഒവേറിയൻ റിസർവ് മനസിലാക്കുക എന്നതാണ് ആദ്യപടി.

“അണ്ഡങ്ങൾ ശീതീകരിച്ച് സൂക്ഷിക്കുക എന്നത് ഗർഭധാരണത്തിനുള്ള ഒരു ഇൻഷുറൻസ് പോളിസിയോ ഉറപ്പോ അല്ല.

ഭാവിയിൽ കൂടുതൽ സാധ്യതകൾ നൽകുന്ന ഒരു സഹായകരമായ മാർഗം മാത്രമാണിത്, അതിനാൽ നിങ്ങളുടെ പ്രതീക്ഷകൾ യാഥാർത്ഥ്യബോധമുള്ളതായിരിക്കണം,” ഡോ. ദിയോരുഖ്കർ പറഞ്ഞു.

ഇതിന് സാധാരണയായി 10 മുതൽ 12 ദിവസം വരെയാണ് എടുക്കുന്നത്. ഹോർമോൺ കുത്തിവെപ്പുകൾ, നിരീക്ഷണത്തിനായുള്ള സന്ദർശനങ്ങൾ, അണ്ഡം ശേഖരിക്കുന്നതിനായുള്ള ചെറിയൊരു ഡേ-കെയർ നടപടിക്രമം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

“ഭൂരിഭാഗം സ്ത്രീകൾക്കും ഈ സമയത്ത് ജോലിക്ക് പോകാൻ സാധിക്കും. ചിലർക്ക് താൽക്കാലികമായി വയർ വീർക്കുന്നതോ മാനസികാവസ്ഥയിൽ മാറ്റങ്ങളോ അനുഭവപ്പെട്ടേക്കാം, എങ്കിലും വിദഗ്ധമായ പരിചരണത്തിന് കീഴിൽ ചെയ്യുമ്പോൾ ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകുന്നത് വിരളമാണ്,”.

ആവശ്യമായ സൈക്കിളുകളുടെ എണ്ണത്തിനും ഉപയോഗിക്കുന്ന മരുന്നുകൾക്കും അനുസരിച്ച് ചിലവ് വ്യത്യാസപ്പെടും.

“ശരാശരി ഒരു സൈക്കിളിന് 1.2 ലക്ഷം മുതൽ 2.5 ലക്ഷം രൂപ വരെയാണ് ചിലവ് വരുന്നത്, വർഷാവർഷമുള്ള സ്റ്റോറേജ് ഫീസ് ഇതിൽ ഉൾപ്പെടില്ല.

മതിയായ അണ്ഡങ്ങൾ ശേഖരിക്കുന്നതിന് ചില സ്ത്രീകൾക്ക് ഒന്നിലധികം സൈക്കിളുകൾ ആവശ്യമായി വന്നേക്കാം,” ഡോ.ദിയോരുഖ്കർ വ്യക്തമാക്കി.

അണ്ഡങ്ങൾ ശീതീകരിച്ച് സൂക്ഷിക്കുന്നത് മാതൃത്വത്തിനുള്ള ഉറപ്പാണോ?

“അണ്ഡങ്ങൾ ശീതീകരിച്ചു സൂക്ഷിക്കുന്നത് പിൽക്കാലത്ത് മാതൃത്വം ഉറപ്പുനൽകുന്നുവെന്ന് പലരും കരുതുന്നു. ഇത് ശരിയല്ല,” ഡോ.ദിയോരുഖ്കർ ഉറപ്പിച്ചു പറഞ്ഞു.

‘ഇത് കൂടുതൽ സാധ്യതകൾ നൽകുന്നുണ്ടെങ്കിലും, സ്വാഭാവികമായ രീതിയിൽ അമ്മയാകുന്നതിന് ഇതൊരു പകരമല്ല. ഭയമോ സാമൂഹിക സമ്മർദമോ ആയിരിക്കരുത് ഈ തീരുമാനത്തിന് പിന്നിൽ;

മറിച്ച് കൃത്യമായ അറിവോടെയും ശാന്തതയോടെയും എടുക്കുന്ന വ്യക്തിപരമായ തീരുമാനമായിരിക്കണം.'”

പുകവലി, അമിതമായ മദ്യപാനം, ഉറക്കമില്ലായ്മ, അമിതമായ മാനസിക സമ്മർദം എന്നിവ അണ്ഡത്തിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കുമെന്ന് ഡോ.ദിയോരുഖ്കർ പറഞ്ഞു.

ഫ്രീസ് ചെയ്ത അണ്ഡങ്ങൾ പിന്നീട് ഉപയോഗിച്ചാലും ഇല്ലെങ്കിലും, സമീകൃതാഹാരം, പതിവായ വ്യായാമം, നല്ല മാനസികാരോഗ്യം എന്നിവ ഫെർട്ടിലിറ്റി മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top