“ഇന്ത്യയിലെ ആദ്യത്തെ കാൻസർ ഡിറ്റക്ഷൻ ഡോഗ് എന്ന ഖ്യാതിയിലേക്ക് ലെയ്ക്ക വളരുന്നു. ബെൽജിയം മാലിനോവ ഇനത്തിൽപ്പെട്ട ലെയ്ക്ക എന്ന നായക്കുട്ടിക്ക് നിലവിൽ പ്രത്യേക പരിശീലനം ആരംഭിച്ചു കഴിഞ്ഞു.
രണ്ട് വർഷത്തെ തീവ്രമായ പരിശീലനത്തിന് ശേഷം, മനുഷ്യ ശരീരത്തിലെ അർബുദ കോശങ്ങളെ മണത്തറിഞ്ഞ് കണ്ടെത്താൻ ലെയ്ക്കയ്ക്ക് സാധിക്കും.
വൈദ്യശാസ്ത്ര രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്ന ലെയ്ക്കയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കാം.”

അർബുദം തിരിച്ചറിയുന്ന നായകളെ പരിശീലിപ്പിച്ചെടുക്കുന്നതിലെ ആദ്യപടിയാണ് ലെയ്ക്ക. പോലീസ് അക്കാദമിയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലയുടെ പ്രൊഫഷണൽ ഡോഗ് ട്രെയിനിങ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഭാഗമായാണിത്.
പദ്ധതിയുമായി സഹകരിക്കാൻ സ്വകാര്യ മെഡിക്കൽ കോളേജുകളുമായി ചർച്ചതുടങ്ങി.
സ്തനാർബുദം ഉൾപ്പെടെ കണ്ടെത്താനാണ് ലെയ്ക്കയെ പരിശീലിപ്പിക്കുക. വിയർപ്പ്, മൂത്രം, നിശ്വാസവായു എന്നിവയുടെ ഗന്ധവ്യത്യാസത്തിലൂടെയാണ് രോഗം കണ്ടെത്തുക.
കളിലൂടെയായിരിക്കും ഇത് പരിശീലിപ്പിക്കുകയെന്ന് പ്രൊഫഷണൽ ഡോഗ് ട്രെയിനിങ് സർട്ടിഫിക്കറ്റ് കോഴ്സ് ചീഫ് ഇൻസ്ട്രക്ടർ രമേഷ് പെരിഞ്ചേരി പറഞ്ഞു.
ശ്വാസകോശാർബുദം, കോളോ-റെക്ടൽ അർബുദം, ചർമാർബുദം തുടങ്ങിയവ ഇത്തരത്തിൽ തിരിച്ചറിയാനാകും. രോഗികളുടെ വിയർപ്പ്, രോഗി ഉപയോഗിക്കുന്ന വസ്ത്രം തുടങ്ങിയവയവയാണ് പരിശീലനത്തിന് ഉപയോഗിക്കുക.

ഇതിനായാണ് ആശുപത്രികളുമായി ഉടമ്പടിയുണ്ടാക്കുന്നത്. അനാവശ്യവും വേദനാജനകവുമായ ബയോപ്സി ഒഴിവാക്കാമെന്നതാണ് ഇതിന്റെ ഗുണം. നായയെ ഉപയോഗിച്ചു പരിശോധിച്ചശേഷം ആവശ്യമെങ്കിൽ ബയോപ്സി നടത്തിയാൽ മതിയാകും.
ലെയ്ക്കക്കുപുറമേ മറ്റൊരു നായയെക്കൂടി ഇത് പരിശീലിപ്പിക്കും. അർബുദം തിരിച്ചറിയാൻ നായകളെ ഉപയോഗിക്കുന്ന രീതി വിദേശങ്ങളിലുണ്ട്.
ശ്വാസകോശാർബുദം തിരിച്ചറിയുന്നതിൽ 83.9 ശതമാനവും സ്തനാർബുദ നിർണയത്തിൽ 98 ശതമാനവും വിജയസാധ്യതയാണ് ഈ രീതിക്കുള്ളതെന്ന് പഠനങ്ങൾ പറയുന്നു.

പോലീസ് അക്കാദമി ഡയറക്ടർ കെ. സേതുരാമൻ, എം.എസ്.സി. ഫൊറൻസിക് സയൻസ് വിഭാഗം എച്ച്.ഒ.ഡി. ഡോ. ഇ. ശ്രീകുമാർ, കോഴ്സ് കോഡിനേറ്റർ എം.എസ്. ശിവപ്രസാദ് എന്നിവരുടെ മേൽനോട്ടത്തിലാണ് പദ്ധതി.