ശരീരത്തിലെ പഞ്ചസാരയുടെ അളവും ജലാംശവും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് പലർക്കും അറിയില്ല.
പ്രമേഹമുള്ളവരോ ഇൻസുലിൻ പ്രതിരോധം നേരിടുന്നവരോ ആയ ആളുകൾക്ക് കൃത്യമായ അളവിൽ വെള്ളം കുടിക്കുന്നത് ആരോഗ്യ പരിപാലനത്തിൽ വളരെ പ്രധാനമാണ്.

ചായയിൽ പാൽ കുറയുമ്പോൾ അതിന് കടുപ്പം കൂടുന്നതുപോലെ, ശരീരത്തിൽ വെള്ളം കുറയുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ സാന്ദ്രത വർദ്ധിക്കുന്നതിനെ കുറച്ച് അറിയേണ്ടത് അത്യാവശ്യമാണ്.
എന്താണ് ‘ചായ് ഇഫക്ട്?’
നേരിയ തോതിലുള്ള നിർജ്ജലീകരണം ഉണ്ടാകുമ്പോൾ പലർക്കും അമിതമായ വിശപ്പോ മധുരത്തോടുള്ള താല്പര്യമോ അനുഭവപ്പെടാറുണ്ട്.
പ്രമേഹമുള്ളവരിലോ ഇൻസുലിൻ പ്രതിരോധമുള്ളവരിലോ ഗ്ലൂക്കോസിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ ശരിയായ രീതിയിൽ വെള്ളം കുടിക്കുന്നത് അത്യന്താപേക്ഷിതമാണ്.
വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നതെങ്ങനെ എന്ന് കൺസൾട്ടന്റ് ഡയറ്റീഷ്യൻ ഗരിമ ഗോയൽ വ്യക്തമാക്കുന്നുണ്ട്.

“വെള്ളത്തിൽ കലോറിയോ കാർബോഹൈഡ്രേറ്റോ ഇല്ലാത്തതിനാൽ അത് നേരിട്ട് രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കില്ല.
പകരം, ശരിയായ രീതിയിലുള്ള ജലാംശം ശരീരത്തെ ഗ്ലൂക്കോസ് കൂടുതൽ കാര്യക്ഷമമായി സംസ്കരിക്കാൻ സഹായിക്കുകയും മികച്ച ഇൻസുലിൻ സെൻസിറ്റിവിറ്റിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ശരീരത്തിൽ ജലാംശം കുറയുമ്പോൾ രക്തത്തിലെ ദ്രാവകത്തിന്റെ അളവ് കുറയുന്നത് മൂലം ഗ്ലൂക്കോസിന്റെ സാന്ദ്രത കൂടുതലായി അനുഭവപ്പെടാം.
നിർജ്ജലീകരണം നേരിട്ട് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകില്ലെങ്കിലും, ഇത് പരിശോധനാ ഫലങ്ങൾ ഉയർന്നതായി കാണിക്കാനും മെറ്റബോളിക് നിയന്ത്രണം പ്രയാസകരമാക്കാനും ഇടയാക്കും.

“നിർജ്ജലീകരണം സംഭവിക്കുമ്പോൾ രക്തത്തിലെ ജലാംശം കുറയുകയും ഗ്ലൂക്കോസ് കൂടുതൽ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു. ചായയിൽ പാൽ കുറയുമ്പോൾ കടുപ്പം കൂടുന്നതുപോലെയാണിത്.
ധാരാളം വെള്ളം കുടിക്കുന്നത് രക്തത്തെ ലഘൂകരിക്കാനും വൃക്കകൾ വഴി അധികമുള്ള പഞ്ചസാര സുഗമമായി പുറന്തള്ളാനും സഹായിക്കും.
ഇത് സ്ട്രെസ് ഹോർമോണുകളെ നിയന്ത്രിക്കുന്നതിലൂടെ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും സഹായിച്ചേക്കാം.
എന്നാൽ വെള്ളം മാത്രം കുടിക്കുന്നത് മോശം ഭക്ഷണക്രമത്തിനോ വ്യായാമമില്ലായ്മയ്ക്കോ പകരമാവില്ല.” എന്നാണ് ഡയറ്റീഷ്യനും ഡയബറ്റിസ് എഡ്യൂക്കേറ്ററുമായ കനിക മൽഹോത്ര വ്യക്തമാക്കുന്നത്.
മരുന്നുകൾ ചെയ്യുന്നതുപോലെ വെള്ളം നേരിട്ട് ഗ്ലൂക്കോസ് നില കുറയ്ക്കില്ലെന്ന് താനെയിലെ കെ.ഐ.എം.എസ് (KIMS) ഹോസ്പിറ്റലിലെ ഡയബറ്റോളജി വിഭാഗം മേധാവി ഡോ. വിജയ് നെഗലൂർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എങ്കിലും വെള്ളം കുടിക്കുന്നതിലെ കുറവ് രക്തത്തിലെ ഗ്ലൂക്കോസിന്റെ സ്വഭാവത്തെ ബാധിക്കും.
നിർജ്ജലീകരണം ഉള്ളപ്പോൾ പലരും ദാഹത്തെ വിശപ്പായി തെറ്റിദ്ധരിക്കാറുണ്ടെ്. ഇത് അമിതമായി ഭക്ഷണം കഴിക്കാനും അതുവഴി പഞ്ചസാരയുടെ അളവ് ഉയരാനും കാരണമാകും.
ഭക്ഷണത്തിനൊപ്പം ചെറിയ സിപ്പുകളായി വെള്ളം കുടിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് രഗിമ പറുന്നത്.
ഗ്ലൂക്കോസ് നിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗം ഏതാണ്?
ഒന്നിച്ച് വലിയ അളവിൽ വെള്ളം കുടിക്കുന്നതിനേക്കാൾ പകൽ മുഴുവൻ ചെറിയ അളവിൽ ഇടയ്ക്കിടെ കുടിക്കുന്നതാണ് കൂടുതൽ ഗുണകരമെന്ന് ഡോ. വിജയ് നെഗലൂർ പറയുന്നു.

# രക്തത്തിന്റെ അളവ് കൃത്യമായി നിലനിർത്താനും ഇൻസുലിൻ പ്രവർത്തനത്തെ സഹായിക്കാനും ഇത് നല്ലതാണ്.
# ഐസ് വെള്ളത്തേക്കാൾ മുറിയിലെ താപനിലയിലുള്ള വെള്ളമോ ഇളം ചൂടുവെള്ളമോ ആണ് ദഹനത്തിന് ഉചിതം.
# ഭക്ഷണത്തിന് ശേഷം 30 മുതൽ 40 മിനിറ്റ് വരെ ധാരാളം വെള്ളം കുടിക്കുന്നത് ഒഴിവാക്കണം.
ചുരുക്കത്തിൽ, വെള്ളം കുടിക്കുന്നത് ലളിതമായ ഒരു ശീലമാണെങ്കിലും അത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിലും വലിയ മാറ്റങ്ങൾ കൊണ്ടുവരും.