രാത്രി ഭക്ഷണം നേരത്തെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യം നമുക്കെല്ലാവർക്കും അറിയാം. എന്നാൽ മിക്കവാറും എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒരു സമയമാണ് ആരോഗ്യ വിദഗ്ധർ ഇപ്പോൾ നിർദേശിക്കുന്നത്.
രാത്രി ഭക്ഷണം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം വൈകുന്നേരം 6 മണിയാണെന്ന് ഗാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.പളനിയപ്പൻ മാണിക്കം വ്യക്തമാക്കുന്നതേ.
എന്നാൽ സമയത്തേക്കാൾ ഉപരിയായി, നാം തിരഞ്ഞെടുക്കുന്ന സമയക്രമം കൃത്യമായി പാലിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണകരമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
നമ്മുടെ ശരീരത്തിന് അതിന്റേതായ ഒരു ആന്തരിക ഘടികാരമുണ്ട്. ഇതിനെ ‘സർക്കാഡിയൻ റിഥം’ എന്ന് വിളിക്കുന്നു.
24 മണിക്കൂർ പ്രവർത്തിക്കുന്ന ഈ ഘടികാരമാണ് നമ്മുടെ വിശപ്പ്, ഉന്മേഷം, മാനസികാവസ്ഥ എന്നിവയെല്ലാം നിയന്ത്രിക്കുന്നത്.
തലച്ചോറിന്റെ മുൻഭാഗത്തായി സ്ഥിതി ചെയ്യുന്ന, ഒരു അരിമണിയുടെ പകുതിയോളം മാത്രം വലിപ്പമുള്ള ഈ ഭാഗമാണ് ശരീരത്തിലെ എല്ലാ ഹോർമോണുകളെയും നിയന്ത്രിക്കുന്നത്.
ഓരോ ഹോർമോണും ഓരോ പ്രത്യേക സമയത്താണ് ഉണരുന്നതും പ്രവർത്തിക്കുന്നതും.
ഉദാഹരണത്തിന്, ദഹനത്തിന് സഹായിക്കുന്ന ഹോർമോണുകൾ സൂര്യോദയത്തിൽ ഉണരുകയും സൂര്യാസ്തമയത്തോടെ പ്രവർത്തനക്ഷമത കുറയുകയും ചെയ്യുന്നു.

അതേസമയം, വളർച്ചാ ഹോർമോണുകൾ രാത്രിയിൽ നാം ഉറങ്ങുമ്പോഴാണ് സജീവമാകുന്നത്.
കൃത്യനിഷ്ഠ പാലിക്കണം
എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ആന്തരിക ഘടികാരത്തെ കൃത്യമായി പ്രവർത്തിക്കാൻ സഹായിക്കുന്നു.
നിങ്ങൾ രാത്രി 6 മണിക്ക് ഭക്ഷണം കഴിക്കാൻ സാധിക്കാത്തവരാണെങ്കിൽ, 9 മണിക്ക് കഴിച്ചാലും കുഴപ്പമില്ല. എന്നാൽ 11.30-ന് എങ്കിലും ഉറങ്ങണം എന്ന് മാത്രം.
പ്രധാനം എന്തെന്നാൽ, നിങ്ങൾ നിശ്ചയിച്ച സമയം (ഉദാഹരണത്തിന് 9 മണി) എല്ലാ ദിവസവും കൃത്യമായി പാലിക്കണം എന്നതാണ്.
നേരത്തെ ഭക്ഷണം കഴിച്ചാലുള്ള ഗുണങ്ങൾ
- ഉറങ്ങുന്നതിന് മുമ്പ് ദഹനപ്രക്രിയ പൂർത്തിയാക്കാൻ ശരീരത്തിന് മതിയായ സമയം ലഭിക്കുന്നു.
- രാത്രിയിൽ രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.
- വയർ നിറഞ്ഞുകഴിയുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകൾ ഒഴിവാക്കി സമാധാനമായി ഉറങ്ങാൻ സാധിക്കും.
- ഉപാപചയ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നത് അമിതഭാരം കുറയ്ക്കാൻ സഹായിക്കും.

തിരക്കേറിയ ജീവിതശൈലി കാരണം 6 മണിക്ക് ഭക്ഷണം കഴിക്കാൻ സാധിച്ചില്ലെങ്കിലും, രാത്രി ഉറങ്ങുന്നതിന് കുറഞ്ഞത് 2-3 മണിക്കൂർ മുമ്പെങ്കിലും ആഹാരം കഴിക്കാൻ ശ്രദ്ധിക്കണം.
ഒപ്പം ആ സമയം എല്ലാ ദിവസവും മാറ്റമില്ലാതെ തുടരുകയും ചെയ്യുക.