
സാധാരണ മയോണൈസിൽ മുട്ടയുടെ മഞ്ഞക്കരുവാണ് ഉപയോഗിക്കുന്നത്.
എന്നാൽ കൊളസ്ട്രോൾ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മുട്ടയുടെ മഞ്ഞയുടെ മണം ഇഷ്ടമല്ലാത്തവർക്കും ഈ ‘എഗ്ഗ് വൈറ്റ് മയോണൈസ്’ മികച്ചൊരു ഓപ്ഷനാണ്.
ആവശ്യമായ സാധനങ്ങൾ
മുട്ടയുടെ വെള്ള 2 എണ്ണം
സൺഫ്ലവർ ഓയിൽ 1 കപ്പ്
വെളുത്തുള്ളി 2-3 അല്ലി
നാരങ്ങാനീര് (അല്ലെങ്കിൽ വിനാഗിരി)1 ടീസ്പൂൺ
കുരുമുളക് പൊടി ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്
പഞ്ചസാര ഒരു ചെറിയ നുള്ള് (രുചി ക്രമീകരിക്കാൻ)
തയ്യാറാക്കുന്ന വിധം
ഉണങ്ങിയ ഒരു മിക്സി ജാർ എടുക്കുക. ഇതിലേക്ക് മുട്ടയുടെ വെള്ള, വെളുത്തുള്ളി, നാരങ്ങാനീര്, ഉപ്പ്, പഞ്ചസാര എന്നിവ ചേർക്കുക.
മിക്സി ഒന്നോ രണ്ടോ സെക്കൻഡ് നന്നായി അടിച്ചെടുക്കുക.
ഇനി ഇതിലേക്ക് എടുത്തു വെച്ചിരിക്കുന്ന എണ്ണയുടെ പകുതി ഒഴിക്കുക.
മിക്സി വീണ്ടും അടിച്ചെടുക്കുക.

ബാക്കിയുള്ള എണ്ണ കൂടി അല്പം അല്പമായി ചേർത്ത് മിക്സിയുടെ ‘പൾസ്’ (Pulse) മോഡിൽ ഇട്ട് അടിച്ചെടുക്കുക.
മയോണൈസ് നല്ല കട്ടിയുള്ള (Creamy) പരുവത്തിൽ വരുന്നത് വരെ ഇത് തുടരുക.
മയോണൈസ് പാകമായിക്കഴിഞ്ഞാൽ കുരുമുളക് പൊടി കൂടി ചേർത്ത് ഒന്ന് കൂടി ഇളക്കി ഉപയോഗിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സൺഫ്ലവർ ഓയിൽ പോലെയുള്ള മണമില്ലാത്ത എണ്ണകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
വെളിച്ചെണ്ണ ഉപയോഗിച്ചാൽ മയോണൈസിന് അത്ര നല്ല രുചി ലഭിക്കില്ല.
മുട്ടയും എണ്ണയും ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുകയാണെങ്കിൽ മയോണൈസ് കൂടുതൽ കട്ടിയുള്ളതായി ലഭിക്കും.

തയ്യാറാക്കിയ മയോണൈസ് ഒരു വായുകടക്കാത്ത കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക.
ഇത് 2-3 ദിവസം വരെ കേടുകൂടാതെ ഇരിക്കും.
അറേബ്യൻ വിഭവങ്ങളായ അൽഫാം, ഷവർമ എന്നിവയുടെ കൂടെ കഴിക്കാൻ ഈ ഹോം മെയ്ഡ് മയോണൈസ് വളരെ മികച്ചതാണ്.