ഓൺലൈൻ സ്കിൻ ക്രീം പാർശ്വഫലം.
നാൻജിങ്, ചൈന: ഓൺലൈനിൽ നിന്ന് വാങ്ങിയ ഒരു സ്കിൻ ക്രീം തുടർച്ചയായി പത്ത് വർഷം ഉപയോഗിച്ചതിനെ തുടർന്ന് 40 വയസ്സുകാരിയായ ഒരു സ്ത്രീ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. ‘ചൈനീസ് പരമ്പരാഗത മരുന്ന്’ എന്ന് അവകാശപ്പെട്ട് വിറ്റ ക്രീം ഉപയോഗിച്ചതിനെ തുടർന്നാണ് ഇവരുടെ ശരീരത്തിൽ പാമ്പിന്റെ ചർമ്മത്തിന് സമാനമായ പർപ്പിൾ-ചുവപ്പ് നിറത്തിലുള്ള വിള്ളലുകൾ (വരകൾ) പ്രത്യക്ഷപ്പെട്ടത്. ഈ രോഗലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ മാസം ഇവരെ നാൻജിങ്ങിലെ സോങ്ഡ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്ത് വർഷം മുൻപ് വലത് കാലിൽ ചുവന്ന പാടുകളും ചൊറിച്ചിലും അനുഭവപ്പെട്ടപ്പോഴാണ് ഈ വനിത ക്രീം ഉപയോഗിക്കാൻ തുടങ്ങിയത്. കൃത്യമായ വൈദ്യസഹായം തേടുന്നതിന് പകരം, ‘എല്ലാത്തരം ചർമ്മരോഗങ്ങളും സുഖപ്പെടുത്താൻ കഴിയുന്ന ശുദ്ധമായ പരമ്പരാഗത ചൈനീസ് മരുന്നാണ്’ എന്ന് ഓൺലൈനിൽ അവകാശപ്പെട്ട ക്രീമാണ് ഇവർ വാങ്ങിയത്. ഈ ക്രീം വാങ്ങുന്നതിനായി ഇവർ ഏകദേശം 10,500 പൗണ്ട് (ഏകദേശം 13,900 ഡോളർ) ചെലവഴിച്ചു.
“ആദ്യം ഇത് ഉപയോഗിച്ചപ്പോൾ ചൊറിച്ചിലിന് നന്നായി കുറവുണ്ടായിരുന്നു. ഇത് ശരിയായ മരുന്നാണെന്ന് ഞാൻ വിശ്വസിച്ചു,” ദുരനുഭവം നേരിട്ട സ്ത്രീ പറയുന്നു. എന്നാൽ, അടുത്തിടെ അവരുടെ ആരോഗ്യസ്ഥിതി മോശമാവുകയും ശരീരമാകെ പർപ്പിൾ-ചുവപ്പ് വിള്ളലുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതിനോടൊപ്പം പല അവയവങ്ങളിലും വീക്കം, ഓക്കാനം, ഛർദ്ദി, കൈകളിലെ മരവിപ്പ് തുടങ്ങിയ മറ്റ് ലക്ഷണങ്ങളും അനുഭവപ്പെടാൻ തുടങ്ങിയതോടെയാണ് ക്രീമിൻ്റെ പാർശ്വഫലങ്ങളെക്കുറിച്ച് തിരിച്ചറിഞ്ഞത്.
ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ, ഇവരുടെ ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് ഗണ്യമായി കുറവാണെന്ന് കണ്ടെത്തി. ഇത് ‘ദ്വിതീയ അഡ്രിനോകോർട്ടിക്കൽ അപര്യാപ്തത’ (Secondary Adrenocortical Insufficiency) എന്ന അവസ്ഥയാണെന്ന് ചീഫ് ഡെർമറ്റോളജിസ്റ്റ് ഡോ. വാങ് ഫെയി സ്ഥിരീകരിച്ചു. പിറ്റ്യൂട്ടറി ഗ്രന്ഥി ആവശ്യത്തിന് ഹോർമോണുകൾ (കോർട്ടിസോൾ പോലുള്ളവ) പുറത്തുവിടാത്തതിനാലാണ് ഈ അവസ്ഥയുണ്ടാകുന്നത്.
ഓൺലൈനിൽ വിൽക്കുന്ന ‘ഹോർമോൺ രഹിത’ ഹെർബൽ ക്രീമുകളിൽ പോലും കൂടിയ അളവിൽ സ്റ്റിറോയിഡുകൾ അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് ഡോ. വാങ് ഫെയി യാങ് സെ മുന്നറിയിപ്പ് നൽകി. ചൊറിച്ചിലിന് സ്റ്റിറോയിഡുകൾ പെട്ടെന്ന് ആശ്വാസം നൽകുമെങ്കിലും, ദീർഘകാല ഉപയോഗം ചർമ്മത്തിന് പ്രശ്നങ്ങളുണ്ടാക്കും. സ്റ്റിറോയിഡുകൾ ചർമ്മത്തിലൂടെ ആഗിരണം ചെയ്യപ്പെടുകയും ശരീരത്തിൽ അടിഞ്ഞുകൂടി അഡ്രിനൽ പ്രവർത്തനത്തെ അടിച്ചമർത്തുകയും പരിഹരിക്കാൻ പ്രയാസമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. ചർമ്മ മരുന്നുകൾ, പ്രത്യേകിച്ച് ഹോർമോൺ അടങ്ങിയവ, ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ ഉപയോഗിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ചികിത്സ നൽകിയതിനെത്തുടർന്ന് സ്ത്രീയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നാണ് വിവരം.
ചര്മത്തിന്റെ കരുവാളിപ്പ് അകറ്റുന്നത് എങ്ങനെ എന്ന് ഡോക്ടർ വിശദീകരിക്കുന്ന ഈ വീഡിയോ കാണുക: